ഗസ്സയിൽ ഇസ്രായീൽ ആക്രമണം തുടരുന്നു 198 മരണം 1600 പേർക്ക് മരണം

ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ അക്രമത്തിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രയേൽ. ‘ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ്’ എന്ന പേരിലുള്ള ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഗസ്സയില്‍ മരണപ്പെട്ടവരുടെ എണ്ണം 198 ആയി. 1600 പേർക്ക് പരിക്കേറ്റു. ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഡസൻകണക്കിന് യുദ്ധവിമാനങ്ങളാണ് ഇസ്രായേല്‍ സൈന്യം അയക്കുന്നത്.

അതേസമയം, ഹമാസ് അക്രമണത്തിൽ 22 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി റോയിട്ടേസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. അതിനിടെ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. പരിക്കേറ്റ 545 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ 300 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതിൽ 40 പേർ അതീവ ഗുരുതര നിലയിലാണെന്നും നേരത്തെ റിപ്പോർട്ട് വന്നിരുന്നു.



ജനങ്ങൾ സൈനിക നിർദേശം അനുസരിക്കണമെന്നും യുദ്ധത്തെ കുറിച്ച് ഒരു പ്രസ്താവനയും മന്തിമാർ നടത്തരുതെന്നും നെതന്യാഹു അറിയിച്ചിരുന്നു.മൂന്ന് കൂടിയേറ്റ കോളനികളുടെ നിയന്ത്രണം ഹമാസിന്റെ പക്കലാണ്. 35 ഇസ്രയേലികൾ ഹമാസ് പിടിയിലാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, അൽ അഖ്‌സ പള്ളിയുടെ പവിത്രത സംരക്ഷിക്കാനാണ് പുതിയ പ്രതിരോധമെന്ന് ഹമാസ് വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെയും ജെറുസലെമിലെയും ഫലസ്തീനികളോട് പ്രതിരോധിനിറങ്ങാൻ ഹമാസ് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇസ്രയേലിലുള്ള ഇന്ത്യൻ പൗരൻമാരോട് ജാഗ്രതയോടെയിരിക്കാൻ വിദേശകാര്യ മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നുമാണ് നിർദേശം. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളിൽ തന്നെ തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി ഫോൺ നമ്പറും നൽകിയിട്ടുണ്ട്. ഇസ്രയേലിലേക്കുള്ള വിമാന സ‍ർവീസുകൾ റദ്ദാക്കിയതായി എയ‍ർ ഇന്ത്യ അറിയിച്ചു. ദില്ലിയിൽ നിന്ന് ടെൽ അവീവിലേക്കും തിരിച്ചുമുള്ള സ‍ർവീസുകളാണ് റദ്ദാക്കിയത്.

No comment

Leave a Reply

Your email address will not be published. Required fields are marked *