രണ്ടു ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്, -Israel | Hamas
2.5 ബില്യൺ ചെലവിട്ട് നിർമിച്ച ഇലക്ട്രിക് വേലി ഒക്കെ പൊട്ടിച്ചാണ് ഞങ്ങളെ കൊണ്ടുപോയത്.(kidnapped-by-gunmen-and-taken-into-a-tunnel-system-israeli-hostage-released-by-hamas)
തെൽ അവീവ്: ഹമാസ് പോരാളികൾ സൗഹൃദത്തോടെയാണ് പെരുമാറിയതെന്നും എല്ലാ കാര്യങ്ങളും നോക്കാൻ അവിടെ ആളുണ്ടായിരുന്നുവെന്നും മോചിതരായ ഇസ്രായേലി വനിത യോഷേവെദ് ലിഫ്ഷിറ്റ്സ്. ഒരുപാട് നാൾ ബന്ദികളെ ഒളിപ്പിക്കാൻ കഴിഞ്ഞ ഹമാസിന് ദീർഘകാല പദ്ധതിയുണ്ട് എന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. മോചിതയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലിഫ്ഷിറ്റ്സ്.
‘ഓരോ ബന്ദികളെ നോക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും അവരാണ് നോക്കിയത്. എല്ലാറ്റിനെ കുറിച്ചും അവർ ഞങ്ങളോട് സംസാരിച്ചു. ഏറെ സൗഹൃദപൂർവ്വമായിരുന്നു അവരുടെ പെരുമാറ്റം. അവർ ഞങ്ങൾക്ക് ബ്രഡും വെണ്ണയും തന്നു. കൊഴുപ്പു കുറഞ്ഞ പാൽക്കട്ടിയും കക്കിരിയുമായിരുന്നു ഞങ്ങളുടെ ദിനേനയുള്ള ഭക്ഷണം. അവർ നന്നായി തയ്യാറെടുത്ത പോലെയുണ്ട്. ദീർഘനാൾ ഞങ്ങളെ മറച്ചുവയ്ക്കാൻ അവർക്കായി.’- അവർ പറഞ്ഞു.
‘അവർ ഞങ്ങളെ ടണലിലേക്കാണ് കൊണ്ടുപോയത്. നനഞ്ഞ ചെളിയിൽ കിലോമീറ്ററുകൾ നടന്നുപോയി. ചിലന്തിവല പോലെ പടർന്നു കിടക്കുന്ന വലിയ ടണൽ സംവിധാനം അവിടെയുണ്ട്. അവിടെയെത്തിയ വേളയിൽ, തങ്ങൾ ഖുർആനിൽ വിശ്വസിക്കുന്നവരാണ് എന്നും ഉപദ്രവിക്കില്ലെന്നും അവർ പറഞ്ഞു. ടണലിൽ തങ്ങളുടെ അതേ അവസ്ഥയിൽ, അവരിൽ ഒരാളായി ജീവിക്കാമെന്നും അവർ പറഞ്ഞു. ആവശ്യമുള്ളവർക്ക് അവർ ഡോക്ടർമാരെ എത്തിച്ചിരുന്നു. കിടക്കയിലാണ് ഞങ്ങൾ കിടന്നത്. എല്ലാം വൃത്തിയുള്ളതാണെന്ന് അവർ ഉറപ്പാക്കിയിരുന്നു.’ – അവർ കൂട്ടിച്ചേർത്തു.
ഒക്ടോബർ ഏഴിലെ ആക്രമണത്തെ കുറിച്ചും അവർ ഓർത്തെടുത്തു. ‘കിബുട്സിൽ ഞങ്ങൾക്കു നേരെ വലിയ ആക്രമണമാണ് ഉണ്ടായത്. മോട്ടോർ സൈക്കിളിലിരുത്തി കാട്ടിലൂടെയാണ് എന്നെ കൊണ്ടുപോയത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. 2.5 ബില്യൺ ചെലവിട്ട് നിർമിച്ച ഇലക്ട്രിക് വേലി ഒക്കെ പൊട്ടിച്ചാണ് ഞങ്ങളെ കൊണ്ടുപോയത്. ആൾക്കൂട്ടം വീടുകൾ കൊള്ളയടിച്ചിരുന്നു. ചിലരെ മർദിച്ചു. ചിലരെ ബന്ദികളാക്കി. അത് വളരെ വേദനാജനകമായിരുന്നു. അങ്ങനെയാണ് ടണലിന് മുമ്പിലെത്തിയത്.’ – ലിഫ്ഷിറ്റ്സ് പറഞ്ഞു.
മോചിപ്പിക്കുന്ന വേളയിൽ ഇവർ ഹമാസ് പോരാളിയെ ഹസ്തദാനം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ്, ഹമാസ് സേന സൗഹൃദപൂർവ്വമാണ് പെരുമാറിയത് എന്ന് ലിഫ്ഷിറ്റ്സ് മറുപടി നൽകിയത്. 85കാരിയായ ലിഫ്ഷിറ്റ്സിനെ കൂടാതെ 79 വയസ്സുള്ള നൂറിത് കൂപ്പർ എന്ന വനിതയെയും ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. റെഡ്ക്രോസ് വഴിയായിരുന്നു ഇവരുടെ കൈമാറ്റം. ഇരുവരും ഇപ്പോള്‍ തെല്‍ അവീവിലെ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.
| Israel-Palestine conflict |israelisrael- palastineIsrael-Palestine newskidnapped-by-gunmen-and-taken-into-a-tunnel-system-israeli-hostage-released-by-hamasworld-reactions-to-the-attack-by-palestinian-hamas-on-israel.രണ്ടു ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്
No comment