നെതന്യാഹു ഹമാസിന് നേരെ കണ്ണടച്ചോ? ഇസ്രായേലില്‍ വിമര്‍ശനം ശക്തം
കൂടാരപ്പെരുന്നാളിനോട് അനുബന്ധിച്ച് രാവും പകലും നീളുന്ന ഡാന്‍സും പാട്ടുമൊക്കെയുള്ള റേവ് പാര്‍ട്ടിയുടെ തിമിര്‍പ്പിലായിരുന്നു ഗാസയില്‍ നിന്ന് 12 കിലോമീറ്റര്‍ മാത്രം അലകെയുള്ള കിബുട്സ് റെയിം. ഗാസഇസ്രയേല്‍ അതിര്‍ത്തിയിലെ ഈ ഗ്രാമപ്രദേശത്താണ് ഏഴാം തിയതി ആദ്യമായി സ്ഫോടനശബ്ദം കേള്‍ക്കുന്നത്. ട്രാന്‍സ് സംഗീതത്തിന്റെ ബീറ്റുകളില് സ്വയം മറന്ന പല നാടുകളില്‍ നിന്ന് വന്ന പല യുവാക്കളും ആദ്യത്തെ സ്ഫോടന ശബ്ദം ശ്രദ്ധിച്ചില്ല. തുടര്‍ച്ചയായി ശബ്ദങ്ങള്‍ കേട്ടപ്പോള്‍ അന്തരീക്ഷം പെട്ടെന്ന് പകപ്പിന്റേതായി, അവിടേക്ക് ഭയവും സംഭ്രമവും ചേക്കേറി, എങ്ങോട്ട് ഓടിയൊളിക്കണമെന്നറിയാതെ ജനങ്ങള്‍ പരക്കം പാഞ്ഞു. എല്ലാ മുഖങ്ങളിലും അരക്ഷിതാവസ്ഥയും ഭീതിയും മാത്രം നിറഞ്ഞു. ഒരു മിനിറ്റ് കൊണ്ട് ജീവിതമാകെ മാറിമറിഞ്ഞ ജനങ്ങളുടെ പരിഭ്രാന്തി ആ വൈറല്‍ വിഡിയോ കണ്ടവരെയാകെ അസ്വസ്ഥരാക്കി. ഇത്രത്തോളം അപ്രതീക്ഷിതമായാണ് ഇസ്രയേലിലേക്ക് ഹമാസിന്റെ ആക്രമണമുണ്ടായത്. നേരിയ ഇലയനക്കം പോലും മണത്തറിയുന്ന മൊസാദ് ഉള്‍പ്പെടെ പ്രവചിക്കാതിരുന്ന ഒരു ആക്രമണം. ആക്രമണം ഇത്രത്തോളം അപ്രതീക്ഷിതവും രൂക്ഷവുമായതിന് ഇന്റലിജന്‍സ് പരാജയം മാത്രമല്ല, പലസ്തീന് ദേശീയതയെ തകര്‍ക്കാനുള്ള, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കുതന്ത്രങ്ങളും കാരണമാണെന്ന വിമര്‍ശനം ഇപ്പോള്‍ ഇസ്രയേലില്‍ ശക്തമാണ്. (Israeli newspapers criticize Benjamin Netanyahu Israel Hamas war)
പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഭരണനിയന്ത്രണത്തിലുള്ള, പലസ്തീന് ഭരണത്തിന്റെ സിരാകേന്ദ്രമായ വെസ്റ്റ് ബാങ്കിനെ ദുര്‍ബലപ്പെടുത്തുന്നതിനും അതുവഴി പലസ്തീന് ദേശീയതയെ തകര്‍ക്കുന്നതിനുമായി ഗാസയിലെ തീവ്രവാദസംഘടന ഹമാസിന് നേരെ നെതന്യാഹു കണ്ണടച്ചതിന്റെ ഫലമാണ് ഇപ്പോള്‍ ഇസ്രയേല്‍ അനുഭവിക്കുന്നത് എന്നാണ് വിമര്‍ശനം. ഇസ്രയേലിലെ പ്രധാനപ്പെട്ട മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഉന്നയിക്കുന്ന രൂക്ഷവിമര്‍ശനങ്ങള്‍ മനസിലാക്കാന്‍ ഇസ്രയേലും വെസ്റ്റ്ബാങ്കും ഗാസ മുനമ്പും ജെറുസലേമും ഒക്കെ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും ഇരട്ടരാജ്യങ്ങളെന്ന ആശയത്തിന്റെ പതനത്തിന്റെ ചരിത്രവും അറിഞ്ഞിരിക്കേണ്ടതുണ്ട്. ജെറുസലേമിനോട് അടുത്ത് നില്ക്കുന്ന വെസ്റ്റ്ബാങ്ക് പ്രദേശമാണ് പലസ്തീന്റെ ഭരണസിരാകേന്ദ്രമെന്ന് മുന്‍പ് പറഞ്ഞല്ലോ. ഹമാസ് നിയന്ത്രിക്കുന്ന ഗാസ വെസ്റ്റ് ബാങ്കില്‍ നിന്നും മാറിനില്‍ക്കുന്ന പ്രദേശമാണ്. ഗാസയെ പ്രോത്സാഹിപ്പിക്കുകയും അതിനെ വെസ്റ്റ് ബാങ്കില്‍ നിന്ന് പരമാവധി ഭിന്നിപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നത് വഴി പലസ്തീന് രാജ്യമെന്ന ആശയം തന്നെ ദുര്‍ബലമായിപ്പോകുമെന്ന കുതന്ത്രമാണ് നെതന്യാഹു പയറ്റിയതെന്നാണ് വിമര്‍ശനം. തീവ്രവാദ സംഘടനയായ ഹമാസിനെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് മുന്നില്‍ അബ്ബാസ് ഭരണകൂടം മുട്ടുമടക്കുകയും ചെയ്താല്‍ പിന്നീട് പയ്യെ ഹമാസിനെ ഒതുക്കി ഇസ്രയേലിന് സുരക്ഷിതമാകാമെന്നതായിരുന്നു നെതന്യാഹുവിന്റെ ബുദ്ധി. 2018ല്‍ അദ്ദേഹം ഇത് തുറന്ന് പറയാനും തയാറായിട്ടുണ്ട്. പലസ്തീന് സ്റ്റേറ്റിനെ എതിര്‍ക്കുന്നവര്‍ ഗാസയിലേക്കുള്ള പണകൈമാറ്റത്തെ പിന്തുണയ്ക്കണമെന്ന് തന്റെ പാര്‍ട്ടി മീറ്റിംഗില്‍ നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്റ്റ്ബാങ്കിലെ ഭരണകേന്ദ്രത്തേയും ഗാസയിലെ ഹമാസിനേയും അടുപ്പിക്കാതിരുന്നാല്‍ പലസ്തീന് സ്റ്റേറ്റ് എന്ന ആശയത്തെ ഇസ്രയേലിന് ഈസിയായി പരാജയപ്പെടുത്താമെന്നാണ് നെതന്യാഹു വിശ്വസിച്ചിരുന്നത്. നെതന്യാഹു സര്‍ക്കാരിന്റെ വിദേശനയത്തിന്റെ രാഷ്ട്രീയവും സുരക്ഷാപരവുമായ പരാജയമാണ് ഇപ്പോള്‍ രാജ്യത്ത് കാണുന്നതെന്ന് ഇസ്രയേലിലെ ഏറ്റവും പ്രചാരമുള്ള ഹരേറ്റ്സ് ദിനപത്രം എഡിറ്റോറിയലിലൂടെ തന്നെ കുറ്റപ്പെടുത്തി.
കേരളത്തേക്കാള്‍ വിസ്തീര്‍ണം കുറഞ്ഞതെങ്കിലും ഭൂവിസ്തൃതിയേക്കാള്‍ വളരെ നീണ്ട ചരിത്രമാണ് ഇസ്രയേലിന് പറയാനുള്ളത്. 2000 വര്‍ഷം മുതല്‍ക്ക് തുടങ്ങുന്ന ചരിത്രം ആ പ്രദേശത്തെ രാജ്യങ്ങളുടെ നിലനില്‍പ്പിനെ നിര്‍ണയിക്കുന്ന ഘടകമായി ഇപ്പോഴും സജീവമായി നില്‍ക്കുകയുമാണ്. ചരിത്രത്തിലെ പഴയ പലസ്തീന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ പലസ്തീന് സ്റ്റേറ്റ് രൂപീകരിക്കുക എന്ന ലക്ഷ്യം 1947 മുതല്‍ തുടങ്ങിയതാണ്. പലസ്തീനെ രണ്ടായി മുറിച്ച് ജൂതര്‍ക്കും അറബികള്‍ക്കും രണ്ട് രാജ്യങ്ങളായി നല്കാന് 1947ല്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു. ജൂതരും ക്രിസ്ത്യാനികളും അറബികളും ഒരുപോലെ ആത്മീയ പ്രാധാന്യം നല്കുന്ന ജെറുസലേം സ്വതന്ത്രമായി നിലകൊള്ളുമെന്നും യു എന്‍ വോട്ടെടുപ്പിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് പലസ്തീനികള്‍ക്ക് സ്വീകാര്യമായിരുന്നില്ല. ഇതോടെ ഈ ആശയം നടപ്പിലാക്കാനാകാതെ വരികയായിരുന്നു. ഇത്തരമൊരു ദ്വിരാഷ്ട്ര ആശയം പൂര്‍ണമായി നടപ്പിലായില്ലെങ്കിലും 1990കളോടെ പലസ്തീന് വെസ്റ്റ്ബാങ്കിനേയും ഗാസ മുനമ്പിനേയും ഉള്‍പ്പെടുത്തി തങ്ങളുടെ രാഷ്ട്രസങ്കല്‍പ്പം വിഭാവനം ചെയ്തുകഴിഞ്ഞിരുന്നു. എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് എന്നിവ നിര്‍മിക്കപ്പെടുന്നതും പൂര്‍ണമായി നിലച്ചുകിടന്നിരുന്ന ജുഡീഷ്യല്‍ ബ്രാഞ്ചുകള്‍ സംയോജിക്കപ്പെടുന്നതും അക്കാലയളവിലാണ്. ഇത്തരമൊരു പലസ്തീന് രാഷ്ട്രസങ്കല്‍പ്പത്തെയാണ് ബെഞ്ചമിന്‍ നെതന്യാഹുവും വലതുപക്ഷ പാര്‍ട്ടിയും തകര്‍ക്കാന്‍ ശ്രമിക്കുന്നത്. 2007ലാണ് തീവ്രവാദ സംഘടനയായ ഹമാസ് ഗാസ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. നിയമനിര്‍മാണവും ഭരണവും നടക്കുന്ന വെസ്റ്റ് ബാങ്കിനേയും ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയേയും അടുപ്പിക്കാതിരിക്കാനാണ് ഇസ്രയേലിലെ വലതുപക്ഷം ശ്രമിക്കുന്നത്.
ഇന്നിപ്പോള്‍ ഹമാസിനെ തകര്‍ക്കുമെന്ന് വെല്ലുവിളിക്കുന്ന നെതന്യാഹു തന്റെ ഭരണത്തിന്റെ 16 വര്‍ഷക്കാലം ഏത് വിധത്തിലാണ് ഹമാസിന് പ്രോത്സാഹനം നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശദീകരിക്കുന്നത് ശ്രദ്ധിക്കാം. ഹമാസിനെ വളര്‍ത്താന്‍ ഗാസയിലേക്ക് കൂടുതല്‍ പണമൊഴുക്കാനാണ് നെതന്യാഹു ആദ്യം ശ്രമിച്ചത്. ഇതിനായി ഗാസന്‍ തൊഴിലാളികള്‍ക്ക് ഇസ്രയേല്‍ കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിച്ചു. സാധാരണയില്‍ കവിഞ്ഞ വരുമാനം നേടാനായത് ഈ തൊഴിലാളികള്‍ക്കും പ്രോത്സാഹനമായി. 2021 അവസാനമായപ്പോഴേക്കും 20003000 വര്‍ക്ക് പെര്‍മിറ്റുകള്‍ ഇത്തരത്തില്‍ അനുവദിക്കപ്പെട്ടു. ഇത് വളരെ വേഗത്തില്‍ അയ്യായിരവും പതിനായിരവുമായെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരിയില്‍ വീണ്ടും നെതന്യാഹു അധികാരത്തിലേറിയതോടെ ഈ വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം 20000ല്‍ അധികമായി.
മഹ്മൂദ് അബ്ബാസിന്റെ പലസ്തീന് അതോറിറ്റിക്കെതിരെ കൂടുതല്‍ സാമ്പത്തിക ശിക്ഷാ നടപടികള്‍ സ്വീകരിച്ചപ്പോള്‍, ഹമാസ് സര്‍ക്കാരിന് ദശലക്ഷക്കണക്കിന് ഡോളര്‍ നല്കാന് പലസ്തീന്റെ സൗഹൃദരാഷ്ട്രങ്ങളെ അനുവദിക്കുകയാണ് ഇസ്രയേല്‍ ഭരണകൂടം ചെയ്തത്. ഹമാസിനെ നിലയ്ക്കുനിര്‍ത്താന്‍ പറയത്തക്ക സൈനിക നടപടികളൊന്നും ഇസ്രയേല്‍ സ്വീകരിച്ചില്ലെന്ന് വേണം പറയാന്‍. 2014 ഓഗസ്റ്റിനു ശേഷം ഹമാസിന്റെ ഒരു മുതിര്‍ന്ന കമാന്‍ഡറെ പോലും ഇസ്രായേല്‍ വധിച്ചിട്ടില്ലെന്ന് ടൈം മാസിക ചൂണ്ടിക്കാട്ടുന്നു. ഹമാസ് ഭരണമേറ്റെടുത്ത ജൂണ്‍ 2007ന് ശേഷം സമാധാനമെന്തെന്ന് അറിയാത്ത ഗാസയിലെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്നതാണ് ഇസ്രയേലിലെ വലതുപക്ഷ സര്‍ക്കാരിന്റെ നയങ്ങളെന്ന് ടൈം മാസികയില്‍ മുന്‍ ഇസ്രയേല്‍ സൈന്യത്തലവന്‍ എഫ്രൈം നേഹ് എഴുതുന്നു.
പലസ്തീന് സ്റ്റേറ്റെന്ന ആശയം തകര്‍ത്തതിനും ഗാസയെ പശ്ചിമേഷ്യയുടെ നോവാക്കി മാറ്റുന്നതിനും ഇസ്രയേലിലെ വലതുപക്ഷ സര്‍ക്കാരിനെ മാത്രമല്ല പഴിക്കേണ്ടത്. ഓട്ടോമാന്‍ സാമ്രാജ്യം തകര്‍ന്നതോടെ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായ പലസ്തീന് ജൂത പൈതൃക ഭൂമിയാക്കി മാറ്റി പലസ്തീനികളെ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കിവിട്ട ചരിത്രം നമ്മുക്കറിയാം. കാലങ്ങള്‍ക്കിപ്പുറം പലസ്തീന് രാഷ്ട്രം എന്ന ആശയത്തിന് എതിരുനില്‍ക്കുന്നത് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയും അമേരിക്കന്‍ വലതുപക്ഷവുമാണ്. സത്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് അമരേിക്കന്‍ പ്രസിഡന്റായ സംഭവമാണ് പലസ്തീന് രാഷ്ട്ര നിര്‍മാണ സ്വപ്നങ്ങളുടെ ശവക്കല്ലറയിലെ അവസാന ആണിയായി മാറിയത്. ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതും ടെല്‍ അവീവില്‍ നിന്ന് യുഎസ് എംബസി അവിടേക്ക് മാറ്റിയതും ട്രംപിന്റെ നീക്കമായിരുന്നു. ട്രംപ് പ്രസിഡന്റായതിന് ശേഷം ബെഞ്ചമിന്‍ നെതന്യാഹു കൂടുതല്‍ കരുത്തുറ്റ ലോകനേതാവായി കാണപ്പെട്ടതും യാദൃശ്ചികമായി സംഭവിച്ചതല്ല. ഇതെല്ലാം പലസ്തീന് രാഷ്ട്രീയം കൂടുതല്‍ കൂടുതല്‍ ഭിന്നിക്കപ്പെടാന്‍ കാരണമാകുക തന്നെ ചെയ്തു. ഇതേസമയം തന്നെ ഹമാസിന് നേരെ കണ്ണടച്ചുകൊടുക്കുന്നത് ഇസ്രയേലിന് ഗുണം ചെയ്യുമെന്ന് നെതന്യാഹു വിലയിരുത്തുകയായിരുന്നു. ഈജിപ്ത്, ഗള്‍ഫ് നാടുകള്‍, പാലസ്തീന്, ഇസ്രയേല്‍ എന്നിവയുടെ സഹകരണത്തോടെ ഈ മേഖലയില്‍ ഒരു സാമ്പത്തിക രാഷ്ട്രീയ പുനര്‍നിര്‍മാണത്തിനല്ല പകരം തീവ്രദേശീയതയിലൂന്നാനാണ് നെതന്യാഹുവിന് താത്പര്യമെന്ന് അദ്ദേഹത്തിന്റെ 16 വര്‍ഷത്തെ ഭരണകാലം ഓര്‍മിപ്പിക്കുന്നു. ഗാസയിലെ ജനങ്ങള്‍ ഇനിയെങ്കിലും സമാധാനവും അന്തസും അര്‍ഹിക്കുന്നുണ്ടെന്ന വസ്തുത പക്ഷേ ആരും കാണുന്നില്ലെന്നതാണ് സങ്കടകരം.
ഹമാസിന്റെ ആക്രമണത്തെക്കുറിച്ച് തങ്ങള്‍ ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്ന വെളിപ്പെടുത്തല്‍ ഈജിപ്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം വന്നിരുന്നു. നെതന്യാഹു ഈ സംഭാഷണത്തില്‍ താത്പര്യം കാണിച്ചിരുന്നില്ലെന്നാണ് ഈജിപ്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. എന്നാല്‍ ഈ ആരോപണത്തെ പൂര്‍ണമായി തള്ളുകയാണ് ഇസ്രയേല്‍ ചെയ്തത്. സത്യം എന്തുതന്നെയായാലും ഹമാസിനെ നിയന്ത്രിക്കുന്നതില്‍ നെതന്യാഹു കാണിച്ച വിമുഖതയ്ക്ക് തങ്ങള്‍ ജീവന് കൊടുക്കുകയാണെന്ന ആരോപണം ഇസ്രയേലില്‍ വളരെ ശക്തം തന്നെയാണ്.
Israeli newspapers criticize Benjamin Netanyahu Israel Hamas war
| Israel-Palestine conflict |hamasisraelisrael- palastineIsrael-Palestine conflict 2023 |Israel-Palestine newsIsraeli newspapers criticize Benjamin Netanyahu Israel Hamas warworld-reactions-to-the-attack-by-palestinian-hamas-on-israel.
No comment